Tuesday, March 31, 2009

കലാലയം

തുരുമ്പെടുക്കാത്ത ഓര്‍മ്മകള്‍ തീര്‍‍ക്കുന്ന മഴവില്ലിന്‍ കൊട്ടാരം



ഒരുവന്റെ പിറവി അവന്റെ അമ്മയിലൂടെയെങ്കില്‍, അവനെന്താ ഇങ്ങനെആയിപ്പോയേ? എന്ന ചോദ്യത്തിനു പുറകില്‍ അവന്‍ പഠിച്ച്, മറിച്ചു തീര്‍ത്ത കലാലയം എന്ന പുസ്തകത്തിലെ അനുഭവങ്ങള്‍ വളമായിമാറിയ നന്മയും തിന്മയുമടങ്ങിയ വഴികളാണ്. നമ്മുടെ ജീവിത വിജയത്തിനും, തോല്‍വിക്കും വഴിത്തിരിവായ് നില്‍ക്കുന്ന ഒരു സ്മാരകമാണ് നമ്മെ പഠിപ്പിച്ച് വളര്‍ത്തിയ കലാലയം. ജീവിതത്തെ തെറ്റിലേക്കും, ശരിയിലേക്കും വഴിതിരിച്ചുവിടുന്നതില്‍ നമ്മുടെ കലാലയത്തിന് അങ്ങേയറ്റം പ്രാധാന്യമുണ്ട്.

കലാലയത്തിന്റെ രൂപഭംഗിക്ക് തിലകം ചാര്‍ത്തുന്നവയാണ് ആ മതില്‍കെട്ടിനകത്ത് നിവര്‍ന്നുനില്‍ക്കുന്ന പ്ലാവും, മാവും, തെങ്ങുകളുമെല്ലാം. അവിടത്തെ വിശാലമായ കളിസ്ഥലവും, ഏക്കറുകളോളം വിരിഞുകിടക്കുന്ന കോളേജ് വളപ്പിലെ മരങ്ങളില്‍ കൂടുകൂട്ടിയ പക്ഷികളുടെ ക്ലാസിക്കല്‍ നാദങ്ങളും, അവിടുത്തെ മരച്ചുവട്ടില്‍ ഒത്തുകൂടിയുള്ള തമാശപറച്ചിലും, പരദൂഷണം പറച്ചിലുകളും, ക്ലാസ്സ് റൂമിനകത്തെ സുഖനിദ്രയും, പിന്നെ ഇടക്കിത്തിരി കത്തിഅടിക്കാനും, തങ്ങളുടെ എതിരാളികള്‍ക്കെതിരെയുള്ള ഗൂഢാലോചനകള്‍ക്കും മറ്റും വേദിയാവുന്ന കാന്റീനും, ഞാനിവിടെയെവിടെയെങ്കിലും നിന്നോളാം എന്റെ ആശാനേ എന്ന രൂപേണ ഒന്നൊഴിഞുമാറി നില്‍ക്കുന്ന പുസ്തകങ്ങളുടെ ഒരു കൊച്ചുവീടെന്ന് തന്നെ വിളിക്കാവുന്ന ലൈബ്രറിയും….അങ്ങിനെ എല്ലാമെല്ലാം; അന്നത് വല്യ പ്രാധാന്യത്തോടെയൊന്നും കണ്ടിട്ടില്ലെങ്കിലും ആ സാമ്രാജ്യത്തോട് വിടപറഞുപോയതില്‍പ്പിന്നെ ഓര്‍ക്കുമ്പോള്‍, വീണ്ടുമൊരു വിദ്ധ്യാര്‍ത്ഥിയായ് ആ മണ്ണില്‍ കാലുകുത്താന്‍തോനും.

കലാലയത്തിലേക്ക് കാലെടുത്തുകുത്തുന്ന ഓരോരുത്തര്‍ക്കും, അവിടത്തെ മുതിര്‍ന്ന തമ്പ്രാക്കന്‍മാര്‍ക്ക് വെറുമൊരു കൗതുകം മാത്രമായ, എന്തും ചെയ്യാന്‍ കഴിവുള്ള അലിഘിത അനുമതിയുടെപുറത്ത് കാട്ടികൂട്ടുന്ന പരിഹാസമേല്‍ക്കാതെ വന്നാല്‍, മുജ്ജന്മ സുക്രതം എന്നു തന്നെ വേണം പറയാന്‍. അവിടന്ന് രക്ഷപ്പെടണം എന്നു വെച്ചാല്‍തന്നെ അടവൊരുപാട് പയറ്റേണ്ടതായി വരും. അവസാനമത് ഒരു കയ്യാങ്കളിയിലേ അവസാനിക്കുന്നുള്ളൂ. കയ്യാങ്കളിയിലെത്തിയവര്‍ പിന്നീടവിടുത്തെ വമ്പന്‍ സംഘമായ് മാറുന്ന കാഴ്ച ഒരു സ്തിരം പല്ലവിയായ് മാറുന്നതും രസകരംതന്നെ.

പിന്നെപിന്നെ കണ്ടുമുട്ടുന്ന ഓരോ പുതുമുഖങ്ങളില്‍നിന്നും നമുക്കേറെ ഇഷ്ട്മെന്നുതോനുന്ന ഒരു കൂട്ടം ചങ്ങാതിമാരെ നമ്മള്‍ സ്രഷ്ടിച്ചെടുക്കുന്നു. ആ സ്രഷ്ടി ചിലപ്പോള്‍ കുറച്ചുകാലത്തേക്കുമാത്രമായേക്കാം, മറ്റുചിലത് വിടപറഞുപോകാന്‍ കലാലയം നമ്മോട് ആച്ഞാപിക്കും വരെ നിലനില്‍ക്കുകയും ചെയ്യും. ആ കൂട്ടുകെട്ടിലൂടെ നമുക്കറിയാവുന്നവയെല്ലാം യാതൊരുമടിയും, നാണവും കൂടാതെ തമ്മില്‍ പങ്കുവെക്കാനിടവരുന്നു. അതില്‍ പലതും നമുക്ക് ഗുണം ചെയ്യന്നതും, മറ്റു ചിലത് നമ്മെ നശിപ്പിക്കാന്‍ വരെ ശേഷിയുള്ളവയുമായേക്കാം.

വളര്‍ന്നുവരുന്ന ശരീരത്തോടൊപ്പം അവന്റെ മനസ്സില്‍ മുളച്ചുകൊണ്ടിരിക്കുന്ന പ്രണയത്തിന്റെ മുട്ടുകള്‍ അവിടെ കണ്ട് പരിചയിച്ച തനിക്കേറെ പ്രിയപ്പെട്ട തന്റെ കൂട്ടുകാരി ആയിരുന്ന, അല്ലെങ്കില്‍ ഒരുവാക്കുപോലും ഇന്നോളം മിണ്ടിയിട്ടില്ലാത്ത, ഒരുവളുടെ കാതില്‍ ‍ ചെന്നെത്തിക്കുമ്പോള്‍ മറുപടി ഒരു മര്‍ദ്ദനമോ, അല്ലെങ്കില്‍ ഇന്നോളം കേട്ടുവഴക്കമില്ലാത്ത വാക്കുകളുടെ കുത്തൊഴുക്കോ, അതുമല്ലെങ്കില്‍ നാണംകുണുങ്ങി ഒന്നും മിണ്ടാതെ ഒരു ചിരിതൂകി അകലുന്ന ഒരു നാടന്‍ പെണ്ണിന്റെ നിശ്കളങ്കതയോ, എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ കാത്തുനിന്നതും ഒടുവിലവളുടെ ഇടറുന്ന സ്വരമെന്നില്‍ ഒരു കാമുകഭാവമുയര്‍ത്തിയതും, എല്ലാം ഓര്‍ത്താല്‍‍ അതനുഭവിച്ച ആരും ഒന്നു രോമാഞ്ചകഞ്ചുകനായിപ്പോകും.

നീണ്ടുനിവര്‍ന്ന് കിടക്കുന്ന വരാന്തകളില്‍ പ്രിയതമയുടെ കൈകോര്‍ത്ത് കിന്നരിച്ചുനടന്നതും, ആളൊഴിഞ ക്യാംപസിന്റെ ഇടവഴികളില്‍ തന്റെ കാമുകിയെ സ്വകാര്യമായൊന്ന് സ്നേഹിക്കാന്‍ ശ്രമിച്ചതും, അത് കണ്ട പ്രധാനദ്യാപകന്റെ ഗാംഭീര്യമുള്ള സ്വരത്തില്‍ കാതുകളില്‍ ഇടിവെട്ടായ് പെയ്തിറങ്ങിയ ഉപദേശങ്ങളും, അതും കഴിഞ് പോകുന്ന പോക്കില്‍ പുള്ളിക്കാരനെ മനസ്സില്‍ രണ്ട് തെറിവിളിച്ചപ്പോള്‍ അന്ന് മനസ്സിന് ലഭിച്ച ഒരു സുഖവും...ഇന്നോര്‍ക്കുമ്പോള്‍ ഒരു തമാശയാണെങ്കില്‍പോലും വേണ്ടീരുന്നില്ല എന്ന് മനസ്സില്‍ ഒരു കുറ്റബോധം തോനാതെയില്ല.

കാലം മായ്ക്കാത്ത മുറിവുകളില്ല എന്നുള്ള സത്യത്തെ തോല്‍പ്പിക്കുന്നവയാണ് കോളേജില്‍ അടിച്ചുപൊളിച്ചുനടന്ന കാലത്ത് മനസ്സിലേല്‍ക്കുന്ന ഏതൊരു മുറിവും. അതെന്നും മനസ്സില്‍ ഉണങ്ങാതെ, മായാതെ പച്ചകുത്തിയതുപോലെ കിടക്കും.

ആ ക്യാംപസിനെ പിരിയുന്ന നാള്‍ കണ്ണീരാലും, കൂട്ടക്കരച്ചിലുകളാലും എല്ലാവരും മതിമറന്ന് ആഘോഷിക്കും, ഇനിയെന്നിതുപോലൊരു സംഘമം തമ്മില്‍ എന്നറിയാതെ, വീണ്ടും കാണാമെന്ന പ്രതീക്ഷയില്‍. ഫോണ്‍ വിളിക്കാമെന്നും മറ്റും പറഞ് സ്വയമാശ്വസിച്ച് പിരിയുന്ന കൂട്ടുകാര്‍, പക്ഷേ ജീവിതത്തിലേക്ക് തുളച്ചുകയറുന്ന തിരക്കുകള്‍ക്കിടയില്‍ പഴയ ആ സൗഹ്രദബന്ധത്തിന്റെ കണ്ണികള്‍ അറ്ററ്റുപൊയ്ക്കൊണ്ടിരിക്കും....

ഒരുപാട് പ്രതീക്ഷകളുടെ തൈകളുമായ് കലാലയത്തിന്റെ മതില്‍ക്കെട്ടിനകത്തെത്തി, അവയെ എല്ലാം വന്‍വ്രക്ഷമാക്കി മാറ്റാന്‍ നമുക്ക് കഴിയുന്നുവെങ്കിലും, അതിലെ ഒരില കരിഞുവീഴുന്ന ലാഘവത്തോടെ കലാലയജീവിതം എന്നെന്നേക്കുമായ് നമ്മില്‍നിന്നുമകന്നുപോകുന്നു, ഇനിയത് വെറും ഓര്‍മ്മ മാത്രം.

കോരിച്ചൊരിയുന്ന മഴയത്ത് മഴകൊള്ളാതിരിക്കാന്‍ എവിടെയെങ്കിലും ഒന്നു കയറിനില്‍ക്കവേ ആ മഴയുടെ ശീതള്‍ ഏല്‍ക്കുമ്പോള്‍ അനുഭവിക്കാവുന്ന ഒരു കുളിരുണ്ടല്ലോ, അതുപോലൊരു വികാരമായിരിക്കും വര്‍ഷങ്ങള്‍ക്കുശേഷം‍ കലാലയമെന്ന സ്മാരകത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ മുളയിടുന്നത്

എഴുതുവാനായ് ഒരുപാടുണ്ടെങ്കിലും, വിസ്ത്രതമായ പരീക്ഷാമുറിയില്‍ ഉത്തരക്കടലാസിനുമുന്നില്‍ അമ്പരന്ന്, എവിടന്ന് തുടങ്ങണം എവിടെയവസാനിപ്പിക്കണം എന്നറിയാതെ ഇരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഉത്കണ്‍ഠയും ഭീതിയുമാണ് മനസ്സുനിറയെ. എത്രതന്നെ പറഞാലും എഴുതുവാന്‍ ഇനിയുമെന്തൊക്കെയോ ബാക്കിയുണ്‍ടെന്ന പൂര്‍ണ്ണവിശ്വാസമുള്ളതിനാല്‍ ഈ ലേഖനം ഇവിടെ അവസാനിക്കുന്നില്ല, പകരം വിട്ടുപോയ നൊമ്പരങ്ങളും, കുറുമ്പുകളും, വീരക്രത്യങ്ങളും പിന്നെ നമ്മെ ഒരുപാട് ചിരിപ്പിച്ചതും കരയിപ്പിച്ചതുമായ; ആനന്ദത്തിനെയും, ആഹ്ലാദത്തിന്റേതുമായ നിങ്ങളുടെ ആ എരിവുള്ള ഓര്‍മ്മകളെ, അവനവന് സ്വന്തമായ വര്‍ണ്ണങ്ങളിലുള്ള വാക്കുകളാല്‍ കുറിച്ചുവെയ്ക്കാന്‍ കലാലയമെന്ന പുസ്തകത്തിലെ ഓര്‍മ്മകളുടെ അനന്തമായ താളുകളിതാ ഇവിടെ തുറക്കപ്പെടുന്നു....