Wednesday, October 15, 2008

സ്വപ്നം A Private Asset


സ്വര്‍ഗ്ഗം പോലൊരു സാമ്രാജ്യം ചെറിയൊരുതോതിലെങ്കിലും കൈവരിക്കാന്‍ കഴിഞെന്ന പ്രതീതിയല്ലേ ഓരോ സ്വപ്നവും, ഉറക്കമെന്ന അനിര്‍വചനീയ ലോകത്തുനിന്നും നമ്മെ തൊട്ടുണര്‍ത്തുന്നത്. നാം ഇന്നോളം അറിയാത്തതും, കണ്‍ടിട്ടില്ലാത്തതും, കേള്‍ക്കാത്തതുമായ ഒരു പ്രപഞ്ചത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോയി, മനസ്സിലെ നാലുകെട്ടില്‍ മയക്കിയുറക്കിയ ഒരായിരം മോഹങളെയാണ് ഓരോരോ സ്വപ്നങളിലൂടെയായ് നാം പിറവിനല്‍കിക്കൊണ്ടിരിക്കുന്നത്.

ഒരിക്കല്‍ കണ്ട സ്വപ്നം പോലും നാം വീണ്ടും വീണ്ടും കാണാറില്ലേ...?
ഒരിക്കല്‍പോലും കാണാന്‍കൊതിക്കാത്ത ഒരുപാട് അവ്യക്തവും, ഭീകരവുമായ മുഖങളും നമ്മുടെ സ്വപ്നമാകും പൂന്തോപ്പില്‍ വിരിയാറില്ലേ...?

കണ്ടുമുഴുമിക്കാനാകാതെ പാതിവഴിയിലോ, അല്ലെങ്കില്‍ അതിന്റെ പരിസമാപ്തിയിലോവെച്ച് പരിപൂര്‍ണ്ണമായും ത്യജിക്കേണ്ടിവരുന്ന എത്രയെത്ര സ്വപ്നങള്‍...ഇവയുടെയെല്ലാം ശിഷ്ടഭാഗംകൂടി കാണാന്‍കൊതിച്ച് കണ്ണടച്ച് ഒന്നുകൂടുറങാന്‍ ശ്രമിച്ചാലോ ഉറക്കവുമില്ല സ്വപ്നവുമില്ല, ഇനിയിപ്പൊ ഉറങിയാല്‍ത്തന്നെ ചെന്നെത്തുന്നതോ വേറെയേതോ ഒരുസ്വപ്നലോകത്തും..

യാഥാര്‍ത്യമാകാന്‍ നന്നേ പ്രയാസമുള്ള എത്രയേറെ മോഹഭിലാഷങളെയാണ് നാം ദൈനം ദിനം സ്വപ്നങളിലൂടെയായ് വീക്ഷിച്ചറിയുന്നത്. വല്ലപ്പോഴൊക്കെയായി കാണുന്ന ചില ദുസ്സ്വപ്നങള്‍ സ്വപ്നമാകുന്ന രാജകൊട്ടാരത്തിലെ വെറും തോഴികള്‍ മാത്രമാണ്.

നമുക്കേറെ ആനന്ദം നല്‍കിയ ഇന്നലെകളുടെ പാതിരാവുകളില്‍ കടന്നുപോയ നിലാവുള്ള സ്വപ്നങളെ പുലരിതന്‍പ്രഭയില്‍ ഓര്‍ത്തെടുക്കാന്‍ കഴിയാതെ പോകുന്ന നിസ്സഹായാവസ്ത എത്ര ദയനീയം അല്ലേ...?അങിനെ നിറവേറ്റാന്‍ കഴിയാത്ത ഒരുപാട് മോഹങളെയാണ് നാം സ്വപ്നങളിലൂടെ സഫലീകരിക്കുന്നത്.

വെളുപ്പിനെകാണുന്ന സ്വപ്നങളെല്ലാം ഫലിക്കുമെന്നുള്ള ആ പഴനഞ്ചന്‍ വിശ്വാസം ഇന്നും, പുതുമയുടെ പൂമ്പൊടിയേറ്റുകിടക്കുന്ന പുത്തന്‍ സംസ്കാരവും അംഗീകരിക്കുന്ന ഒന്നാണ്. വെളുപ്പിനെ കണ്ടത് മാത്രമല്ല, ഒന്ന് കണ്ണടക്കുമ്പോഴെക്കും മിന്നിത്തെളിയുന്ന മാസ്മരികതയുടെ മായാലോകത്ത് വിരിഞ, അവിശ്വസനീയമായ ഒരുസ്വപ്നമെങ്കിലും യാഥാര്‍ത്യ ജീവിതത്തില്‍ അനുഭവിച്ചറിയാത്തവര്‍ നമ്മുടെ ഇടയില്‍ ചുരുക്കം പേരെ കാണൂ. ആ ചുരുക്കം പേരില്‍ ചിലര്‍ക്ക് ഇതെല്ലാം ഇന്നോ നാളെയോ മറ്റന്നാളോആയി അനുഭവിച്ചറിയാന്‍ കഴിയുന്നവരുമായിരിക്കും.

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ എന്നും തോരാതെപെയ്യുന്ന മഴക്കായ് കൊതിക്കുന്ന ഓരോ മണല്‍ത്തരിയേയും പോലെ നമുക്കും കണ്ടുതുടങാം, ആഴമേറിയ സ്വപ്നങള്‍ അതിന്റെ അടിത്തട്ടോളം....

അനന്തമാം സ്വപ്നങളുടെ കൊടുമുടി കീഴടക്കും വരെ മരണം അങ് ദൂരെ ദൂരെ ദൂരെ.....

Monday, October 13, 2008

ബാല്യം


ബാധ്യതകള്‍ അറിയാത്ത കാലം

"വസന്തത്തിന്‍ വര്‍ണ്ണം വിതച്ച് നമ്മെ കൈവിട്ടുപോയ നമ്മുടെ ബാല്യം
കടന്നുവരില്ലൊരിക്കലും നാം പിന്നിട്ട ആ കുസ്രതികളും വിക്രതികളും "

എന്നെനും ഓര്‍ക്കാനായി ഒരുപാട് മധുരവും കയ്പേറിയതുമായ ഓര്‍മകള്‍ തന്ന ആ നാളുകള്‍. ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒരുപാട് രസിപ്പിക്കുന്ന ഓര്‍മ്മകള്‍ തന്ന പവിത്രതയുടെ പൂങ്കുല വിടര്‍ത്തിനിന്ന കാലം.

നമ്മുടെ സ്ക്കൂള്‍; ആ സ്ക്കൂളില്‍ നാം കാട്ടികൂട്ടിയ പരാക്രമങള്‍,

ആദ്യമായി കണ്ട സിനിമ;ആ സിനിമയുടെ വിശേഷങള്‍ കൂട്ടുകാരോട് പറയുമ്പോള്‍ നമ്മെയെല്ലാം ആയിരംനാവുള്ള അനന്തനാക്കിയ നിമിഷങള്‍‍, ആ ഒരു സിനിമ കാണാന്‍ വീട്ടില്‍ നിന്നും പറഞയക്കില്ലാ എന്നുള്ള താക്കീത് നിലനില്‍ക്കുന്ന കാരണത്താലും, പോയെന്നെങാനും വീട്ടില്‍ അറിഞാല്‍ കൊള്ളേണ്ടി വരുന്ന തല്ലിന്റെ ചൂടും ഓര്‍ത്ത്, ഇല്ലാത്ത കാരണവും പറഞ്, അടി കൊള്ളാതെ പിടിച്ചു നില്‍ക്കാന്‍ ഒന്നിനു പുറകേ നൂറ് നൂറ് കള്ളങള്‍ പറയേണ്ടി വന്ന നിസ്സഹായ വേളകള്‍, കഷ്ടിച്ച് ആ ഒരു സിനിമ കാണാന്‍ വേണ്ടി മാത്രമായി വരുന്ന ട്ടിക്കറ്റിനുള്ള തുട്ട് വീട്ടുകാരുടെ കണ്ണ് വെട്ടിച്ചും, കട്ടെടുക്കേണ്ടി വരുന്നതുമായ ദുര്‍ബല കാലം,

ആദ്യമായ് പൂവിട്ട പ്രണയം, ആ പ്രണയത്തിനുവേണ്ടി സഹിച്ച തല്ലുകള്‍, അവസാനം അവള്‍ അവളുടെ പാട്ടിനുപോയി കല്യാണം കഴിച്ചതും, ആ കല്യാണത്തിനു പുത്തന്‍ കുപ്പായമണിഞ് കൂട്ടുകാരെയുംകൂട്ടിപ്പോയി വയറു നിറയയെ ബിരിയാണികഴിച്ചതുമെല്ലാം മറക്കുവാനാകുമോ ഈ ഉടലില്‍ ജീവനുള്ളിടത്തോളം.....

ആദ്യമായി എറിഞു വീഴ്ത്തിയ മാങ, ആ ഏറ് മാവിലോ മാങയിലോ കൊള്ളാതെ തെക്കേലെ തങ്കമ്മണിചേച്ചീടെ വീടിന്റെ ഓടും, ജനല്‍ച്ചില്ലുകളും തകര്‍ത്ത അസുലഭ നിമിഷങള്‍ ഉടല്‍ മണ്ണോട് ചേരുന്ന നാള്‍ വരെ മറക്കാനാവാത്തയത്രക്കും നമ്മുടെ ജീവിതത്തോട് ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഒന്നാണ്.

കളിക്കൂട്ടുകാര്‍, മഴക്കാലം, മാതാപിതാക്കള്‍ തല്ലിയ ആ നിമിഷം അങിനെയങിനെ ജീവതത്തിലെന്നും താലോലിക്കാനുള്ള ഒരുപാടൊരുപാടൊരുപാട് നയനസുഭഗമായ വിരളമായിട്ടുള്ള ഓര്‍മ്മകള്‍ തന്ന ആ ബാല്യം എത്ര കോടികള്‍ ചിലവഴിച്ചാലും ഇനിനമുക്കാസ്വദിച്ചറിയാന്‍ സാധിക്കില്ല.

കുട്ടിക്കാലത്തുമാത്രം കിട്ടുന്ന ആനന്ദത്തിന്റെയും, ഏതൊരുവസ്തുവിനോടും കാണിക്കുന്ന കുട്ടിത്തത്തിലെ അദ്ഭുതാന്തരീക്ഷത്തിന്റെയെല്ലാമായ ഒരു ചേരുവയുണ്ട്, അത് കുറച്ചുകൂടി വലുതാകുമ്പോള്‍ നമ്മില്‍നിന്നും നഷ്ടപ്പെട്ടുപോകുന്നു. കാണുന്ന ഏതൊരുവസ്തുവും എന്തെന്നും ഏതെന്നും അറിയാനുള്ള ഭാല്യകാലത്തെ ആ ആവേശം പ്രശംസനീയംതന്നെ. കുട്ടിമനസ്സിന്റെ തനിമയും നന്മയുള്ള ചുറ്റുപാടിന്റെ തനിമയും തമ്മില്‍ ചേരുമ്പോള്‍ ലഭിക്കുന്ന അനുഭൂതിക്ക് പകരം വെക്കാന്‍ ഒന്നുമില്ല.അത് ഓര്‍മ്മയിലൂടെയെങ്കിലും ആസ്വദിക്കാന്‍ സാധിക്കുന്നത് തന്നെ മുജ്ജന്മസുക്രതം...

പട്ടണങളിലേക്ക് കൂടുമാറിയ ഇന്നത്തെ പുത്തന്‍ സംസ്കാരത്തെ വിളിച്ചോതുന്ന മുന്തിയ തറവാട്ടിലെ തിരക്കേറിയ രക്ഷിതാക്കള്‍ക്ക് തന്റെ കുട്ടികളോട് അല്പം സ്നേഹം പ്രകടിപ്പിക്കാനോ, എന്തിന് കാതില്‍ ഇത്തിരി സ്നേഹവാക്കുകള്‍ മന്ത്രിക്കാനോ ഒന്നും ഒട്ടും സമയം ഉണ്ടാകാറില്ല, ഉണ്ടാകതെയല്ല, അതിനുവേണ്ടി സ്വല്പം സമയം കണ്ടെത്താന്‍ മെനക്കെടാറില്ല എന്നുള്ളതാണ് യാഥാര്‍ത്യ വസ്തുത. അങിനെയുള്ള ഇന്നത്തെ തലമുറയില്‍പെട്ട ആ കുട്ടിക്കാലത്തേക്കാള്‍ എത്ര മനോഹരമാണ്; കുന്നിലും വയലിലും പാടത്തും പറമ്പിലും ഓടിനടന്നുല്ലസിച്ച് നമ്മെ എന്നെന്നേക്കുമായ് ഉപേക്ഷിച്ചുപോയ ആ കാലം, ആ ബാല്യം. അതോര്‍ക്കുമ്പോള്‍ രോമാഞ്ചിതരാകാത്തവരുണ്ടോ നമുക്കിടയില്‍....?

എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ കാട്ടികൂട്ടിയ കോപ്രാട്ടികളെക്കുറിച്ചോര്‍ക്കുമ്പോള്‍, ആ ഓര്‍മ്മകളെ അയവിറക്കുമ്പോള്‍ കൈവരുന്ന ആ ഒരു സുഖമുണ്ടല്ലോ അത് എത്രയേറെ ഭംഗിവാക്കുകള്‍കൊണ്ട് പ്രകീര്‍ത്തിച്ചാലും അനുഭവച്ചറിയാനാവില്ല എന്നുള്ളത് സങ്കടകരംതന്നെ.

ഓര്‍മ്മയില്‍ എന്നും ഹരിതഭംഗിയോടെ പീലിവിടര്‍ത്തിനില്‍ക്കുന്ന ബാല്യത്തിന്റെ കുസ്രതികളും വിക്രതികളും ആരെയാണ് മോഹിപ്പിക്കാതിരിക്കുക..? ബാല്യത്തിന്റെ; വാക്കുകള്‍കൊണ്ട് നിര്‍വചിക്കനാകാത്ത സൗന്ദര്യത്തിന്റെ ശോഭ മുഴുവന്‍ വിടര്‍ത്തിനില്‍കുന്ന ഒരു പൂങ്കുലയാണീ സ്മരകള്‍. അങിനെയുള്ള ഈ ഓര്‍മ്മകള്‍ നാളെയുടെ ഇടവഴികളിലേക്ക് പിച്ചവെച്ചിറങുന്ന നമ്മുടെ ഹ്രദയത്തില്‍ എന്നും ഉണര്‍വേകുന്ന ഒരു പുതുജീവന് വളമാകട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട്…

Saturday, October 11, 2008

റെയ്ന്‍ റെയ്ന്‍ Kum Agayn


മാനത്തുനിന്നും പൊട്ടിവീഴുന്ന പുണ്യ വര്‍ഷം...!!!

ഈ ഭൂമിയില്‍ പതിക്കുന്ന ഓരോ മഴത്തുള്ളിക്കുമുണ്ട് പറയാന്‍ ഒരുപാട് നൊമ്പരങളുടെയും, ആഹ്ലാദത്തിന്റെയും കഥകള്‍. ജാതിമതവിശ്വാസങളുടെ കാര്‍മേഘക്കെട്ടുകള്‍ക്കുമപ്പുറം ദൈവമെന്ന ഏക പ്രപഞ്ച സത്യത്തില്‍നിന്നും ഇരുകൈകളും നീട്ടി സ്വീക്കരിക്കുകയെന്നല്ലാതെ നിഷധിക്കാന്‍ ആകാത്ത ഒരുപഹാരം.

മഴയെന്ന മാന്ത്രികശക്തി തഴുകിയ ആഹ്ലാദപൂരിതവും, നൊമ്പരമേറിയതുമായ, പോയ ആണ്ടിലെ നനവുള്ള നാളുകള്‍ ഓര്‍മ്മകളുടെ താളുകളില്‍ നിന്നും ചികഞെടുക്കാത്ത മനുഷ്യര്‍ ഉണ്ടോ...?

ഇന്നലകളെ ഓര്‍മ്മകളുടെ അടിത്തട്ടില്‍ ഉപേക്ഷിച്ചുവഴക്കമുള്ള മനുഷ്യന്റെ ചഞ്ചലയാമ മനസ്സില്‍ എന്നും, എന്നെന്നും ഓര്‍ക്കാനുള്ള ഒരുപിടി കുളിരുള്ള ഓര്‍മ്മകളെ നെയ്തുകൂട്ടിയാണ് ഓരോ വര്‍ഷപാതവും നമ്മോട് വിടപറയുന്നത്.

ഇന്നെങ്കിലും ഒരു മഴപെയ്യണേ എന്നാശിച്ച് മഴ വരുന്നതുംനോക്കി ഉറങാതെ കാത്തിരുന്ന് ഒടുവില്‍ നിരാശരാകേണ്ടിവരുന്ന എത്രയോ മുഖങള്‍, അവയെല്ലാം നമുക്കെങിനെ മറക്കുവാനാകും. ഈ മഴ ഇന്നെങ്കിലുമൊന്ന് നിന്നിരുന്നെങ്കിലെന്റെ ഈശ്വരാ..എന്ന് മനസ്സുരുകി പ്രാര്‍ത്ഥിക്കുന്ന മറുവശവും; എല്ലാം പ്രപഞ്ചത്തില്‍ മഴയുടെ ദൗര്‍ലഭ്യത്തേയും, ആധിക്യത്തെയുമാണ് വര‍ച്ചുകാട്ടുന്നത്.

മഴയില്‍ ഒന്നു കുളിക്കാന്‍, കളിക്കാന്‍,ആഗ്രഹിക്കാത്തവരുണ്ടോ..?‍ പക്ഷേ എന്തുചെയ്യാനാണല്ലെ; മഴ തുടങിക്കഴിഞാല്‍ പിന്നെ മഴ തോരാതെ വീടിന്ന് പുറത്തോട്ടിറങുക എന്നുള്ള കാര്യം അതെത്ര ദുര്‍ഘടമെന്നത് ആര്‍ക്കാ അറിയാത്തെ...? മഴപെയ്യുമ്പോള്‍ ആറ്റിലും, കുളത്തിലുമായി നീന്തിത്തുടിച്ചുല്ലസിച്ചാഹ്ലാദിച്ച പഴയകാല ഓര്‍മ്മകളുടെ നേര്‍ത്ത മര്‍മ്മരം ഇന്നും നമ്മുടെ കാതില്‍ അലയടിക്കാറില്ലേ...???

മഴയ്ക്കു മഴയുടേതെന്ന് സ്വന്തമെന്നവകാശപ്പെടാന്‍ പല സ്വരങളും, ലയതാളഭാവങളുമുണ്ട്. നമ്മുടെയെല്ലാം വീട്ടുവളപ്പില്‍ നിവര്‍ന്നുനില്‍ക്കുന്ന വാഴത്തോപ്പില്‍ പെയ്യുന്ന മഴയുടെ മര്‍മ്മരമാണോ കുന്നിന്‍ചെരുവില്‍ കേള്‍ക്കുവാന്‍ സാധിക്കുന്നത്. മണ്ണിന്റെ തനത് മണം നമുക്കറിയാന്‍ കഴിയുന്നത് സത്യത്തില്‍ മഴപെയ്യുമ്പോള്‍ മാത്രമാണ്. ആ ഒരു സുഗന്ധം നമ്മുടെയെല്ലാം, മനസ്സുകളെ കഴുകി ശുദ്ധമാക്കിയ മഴയുടെ ഗതകാലസ്മരണകളെ എത്രത്തോളം തഴുകിയുണര്‍ത്തുന്നു എന്നുള്ളത് അത്ര ഭംഗിയോടെത്തന്നെ നിര്‍വചിക്കാന്‍ എന്റെ പക്കല്‍ അതിനുതകുന്ന വാക്കുകളുടെ ശേഖരം ഒട്ടുമില്ലതാനും.

രാത്രിയാവുമ്പോഴേക്കും വീടിന് തൊട്ടരികിലുള്ള വയലുകളില്‍ നിന്നും കേള്‍ക്കാവുന്ന തവളകളുടെ പേക്രോം പേക്രോം കരച്ചിലും,ചിവീടുകളുടെ ശ്രുതിമധുരമാര്‍ന്ന മെലഡീസും ചേര്‍ന്നാലെ കാലവര്‍ഷത്തിന്റെ മേളമൊന്നു കൊഴുക്കുകയുള്ളൂ. ഇവയ്ക്കെല്ലാമൊപ്പം അകലെയുള്ള പൊട്ടക്കുളത്തിലെ പോക്കാച്ചിത്തവളകളുടെ പോപ് ഈണങളും; എന്തിന് നമ്മുടെ കാതിനും കരളിനും കുളിരുകോരി പെയ്തകന്നുപോയ ഓരോ മഴയും മനസ്സില്‍ തങിനില്‍ക്കുന്ന ഒന്നല്ലേ...???

മഴ അതിന്റെ മുറയ്ക്ക് പെയ്തുകൊണ്ടേയിരിക്കും, കൊണ്ടേയിരിക്കട്ടെ...
എത്ര ആവര്‍ത്തി‍ചുപെയ്താലും പുതുമ നഷ്ടപ്പെടാത്ത ഒരപൂര്‍വ്വ സ്രഷ്ടിയെപ്പോലെ...

പലഗുണമഴകേറ്റുന്നുനീ മഴക്കാലമുറ്റോന്‍
തിരുവിടപലതാദി, ക്കെങ്കിലും നിര്‍വികാരന്
ഉടലിനയിര്‍ തരുന്നോന്‍, കാമിനീചിത്തചോരന്‍
പ്രിയമെഴുമഭിലാഷം മിക്കതും നല്‍കീടട്ടെ !!! [കാളിദാസന്‍] ‍

Friday, October 10, 2008

മലയാളി


ലോകത്തിന്റെ മുക്കിലും മൂലയിലും മുളച്ച് കൊണ്ടിരിക്കുന്നതും തഴുത്ത് വളര്‍ന്ന് ആല്‍മരം പോലെ പന്തലിച്ചുനില്‍ക്കുന്നതുമായ, പരശുരാമന്റെ മഴുകൊണ്ട് രൂപപ്പെട്ടെന്നു ഐതിഹ്യങളാല്‍ വിശ്വസിക്കപ്പെട്ടുപോന്ന നമ്മുടെ ശ്യാമസുന്ധരകോമളമാര്‍ന്ന കേരളത്തിന്റെ മക്കള്‍‍ [ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ എന്നും പറയാം]. എന്തിനേം ഏതിനേം സമരംകൊണ്ട് ജയിക്കാന്‍ 19 അടവും പടിച്ചവര്‍.

ഏതൊരു നിസ്സാരകാര്യങളെയും ഊതിവീര്‍പ്പിച്ച് അതിനെ സമരമെന്ന പുതിയൊരു യുദ്ധമുറയാക്കി, അതത് പാര്‍ട്ടിക്ക് ചേരും വിതത്തില്‍ പണികഴിപ്പിച്ചിട്ടുള്ള നാനാ വര്‍ണ്ണങളിലുള്ള കൊടികളുമേന്തി തിരക്കുള്ള വഴികളില്‍ ആരെയോ ബോധിപ്പിക്കാനെന്നോണം കടിച്ചാല്‍ മുറിയാത്ത മുദ്രാവാഖ്യങളുമായി സര്‍ക്കാര്‍ സ്ഥാപനങളെ തിരഞുപിടിച്ച് കാശ് കൊടുത്ത് കൂലിക്ക് ആളെ വച്ച് ‍‍അങോട്ട് ചെന്ന് സമരം ചെയ്യാനും വേണ്ടിവന്നാല്‍ ഒരു കയ്യാങ്കളിക്കുള്ള ആളുകളെവരെ കൂട്ടിനു കൂട്ടുന്ന നമ്മുടെ സ്വന്തം മലയാളി.

സാക്ഷരതയില്‍ ഒരുപടി മുന്‍പില്‍ നില്‍ക്കുന്ന നമ്മുടെ സ്വന്തം നാട്ടില്‍ ജോലിക്ക് അന്നും ഇന്നും പഞമാണെന്നുള്ളത് മലയാളിയായ നാം ഓരോരുത്തരെയും തെല്ലൊന്നുമല്ല പ്രയാസപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ അന്യ സംസ്ഥാനങളിലും, വിദേശ രാജ്യങളില്‍ എല്ലാം പോയി പണിയെടുക്കാന്‍ അതു നമ്മെ പ്രാപ്തരാക്കുന്നു. കേരള ജനസംഖ്യയുടെ 5 ശതമാനം മാത്രമേ പ്രവാസികളായുള്ളുതാനും. എങ്കിലും ഈ 5 ശതമാനം വരുന്ന ജനങള്‍ കേരളത്തിലോട്ടിറക്കുന്ന വിദേശ്യനാണ്യത്തെക്കുറിച്ചും പറയാതെവയ്യ. കാരണം നല്ല ഒരു തുക തന്നെയാണ് അവര്‍ ഇങോട്ടിറക്കുന്നത്.

ബഹുദൈവവിശ്വാസികളും, സ്വന്തം മതം അനുശാസിക്കുന്ന തങളുടെ ദൈവത്തെ ഒന്ന് തിരിച്ചറിയുവാനോ, ആ ഒരു ദൈവത്തിലെങ്കിലും വിശ്വസിക്കുവാനോ, അംഗീകരിക്കാനോ കഴിയാതെ തെരുവ് നായ്ക്കളെപ്പോലെ അലഞുതിരിഞു നടക്കുന്ന ഒരുകൂട്ടം മലയാളി മാമന്മാര്‍ നമ്മുടെ കൊച്ചു കേരളത്തിലും പുറം നാടുകളിലും വിലസ്സുന്നുണ്ട്.

വിദേശരാജ്യങളിലെ ഒട്ടുമിക്ക ബഹുരാഷ്ട്ര സ്ഥാപനങളിലേയും ഉയര്‍ന്ന പദവികളില്‍ ഇരിക്കുന്നവര്‍ മലയാളികള്‍ തന്നെയാണെന്നുള്ളത് നമുക്കെല്ലാം അഭിമാനത്തിനുവകയുള്ള ഒന്നാണ്.

അതു മാത്രമോ, മന്ത്രമറിയാത്ത തന്ത്രിമാരും, തന്ത്രങള്‍ മാത്രമറിയാവുന്ന മന്ത്രിമാരും, മീശമുളക്കാത്ത പയ്യന്മാര്‍ നടത്തുന്ന കോടികളുടെ തട്ടിപ്പും, പിന്നെ ഇവരെയെല്ലാം ഭീഷണിയുടെ സ്വരത്തിലൂടെ വിറപ്പിച്ച് കാലം കഴിക്കുന്ന നമ്മുടെ ഇന്നത്തെ നാരിമരും എല്ലാം കേരളത്തിന്റെ മാത്രം എടുത്തുപറയത്തക്ക വിശേഷണങളാണെന്നുതന്നെ പറയാം.

എന്തിനേറെപ്പറയുന്നു, മലയാളിയെപ്പറ്റി എന്തെങ്കിലും പറയുവാനോ എഴുതുവാനോ തുടങിയാല്‍ അത് മുഴുകിക്കും മുന്‍പ് മറ്റൊരാശയം സ്രഷ്ടിച്ചെടുക്കുന്ന നമ്മുടെ സ്വന്തം മലയാളിയുടെ നാമനിര്‍ണ്ണയം ചെയ്യാന്‍ കഴിയാത്ത ഈ കഴിവുകളെ എത്രതന്നെ പുകഴ്ത്തിപറഞാലും മതിയാവില്ല എന്നതാണ് സത്യം....

ഹര്‍ത്താല്‍ = HOLIDAY


ഏതൊരു പാര്‍ട്ടിക്കും ആവശ്യത്തിനും അനാവശ്യത്തിനും പ്രഖ്യാപിക്കാവുന്നതും കൊട്ടിഘോഷിക്കാവുന്നതുമായ കാശുചിലവില്ലാത്ത [ഇതൊക്കെ വല്യ ചിലവാടോ എന്നവകാശിക്കുന്ന ചില തറവാടികളായ തറ രാഷ്ടീയക്കാരും ഉണ്ട്] ഒരാഘോഷം.

ഏതൊരു നിസ്സാര സംഭവത്തിന്റെ പേരിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുവാന്‍; കലായലങളോ, പള്ളിക്കൂടമോ, എന്തിനു അംഗണ്‍വാടിയുടെ പടിവാതില്‍ പോലും സന്തര്‍ശിക്കാന്‍ സാധിക്കാത്ത, കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട് ഭരിക്കാന്‍ സൗഭാഗ്യം ലഭിച്ച കേരള രാഷ്ടീയത്തിലെ മൂത്ത് പന്തലിച്ചുവിരിഞു കടപുഴകനായ് നില്‍ക്കുന്നതും അല്പം പച്ചപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കാലുകള്‍ ഓരോന്നോരോന്നായി വാരാന്‍ ശേഷിയുള്ള രാഷ്ട്രീയത്തില്‍ പിച്ചവെച്ച് നടക്കാന്‍ പടിക്കുന്നവരുമായ രാഷ്ടീയക്കാര്‍ തോനുമ്പോലെ മാറി മാറി ഭരിക്കുന്ന നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഹര്‍ത്താല്‍ പോലൊരു ചതിയിലൂടെ ലാഭം കൊയ്യുന്ന നാണമില്ലാത്ത നാറികളും അതിനേക്കാളുപരി നികത്താനാകാത്ത നഷ്ടങള്‍ സഹിക്കേണ്ടി വരുന്നവരാണതികവുമെന്നത് ആലോചിക്കാനുള്ള വിവേകശേഷി പോലും ഇന്നത്തെ മനുഷ്യ സമൂഹം മറന്നുപോയെന്നോര്‍ക്കുമ്പോള്‍ സങ്കടമെന്നതിലുപരി തലയുയര്‍ത്തി നടക്കാന്‍ തന്നെ ലജ്ജ തോനുന്നു.

പന്ത്രണ്ട് മണിക്കൂര്‍ കേരളത്തിലെ ജനങള്‍ക്ക് സ്വന്തം നാട്ടില്‍ ഇങനെയൊരു ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കേണ്ടി വരമെന്നോര്‍മിപ്പിക്കുന്നതും അല്പ്ം സ്വല്പ്ം വെള്ളം കുടിപ്പിക്കുന്നതുമായ ഒരവസരമായെ എന്റെ ഇരുള്‍ വീണ കണ്ണുകളിലൂടെ ഹര്‍ത്താലിനെ കാണുവാന്‍‍ സാധിക്കുന്നുള്ളൂ.

അടിയന്തിരമായി ആശുപത്രിയിലേക്ക് പോകേണ്ടി വരുന്ന രോഗിയെ പൊതുവഴിയില്‍ തടഞുവെച്ച് അവന്‍ ചത്താലും വേണ്ടീല്ല, അവന്റെ ചികിത്സയും എന്തിന് അന്ത്യകൂദാശവരെ ആ നടു റോട്ടില്‍വെച്ച് ഹര്‍ത്താല്‍ അനുകൂലികല്‍ നിര്‍വഹിക്കുന്നതിനു സാക്ഷിയാകേണ്ടിവരുന്ന ആ രോഗിയുടെ ബന്ധുക്കള്‍ വാവിട്ട് നെഞ്ചത്തടിച്ച് അയ്യോ, അമ്മേ എന്ന് കരയുന്നു എന്നല്ലാതെ ഒന്നെതിര്‍ത്തുനില്‍ക്കാന്‍ കഴിയാതെപോകുന്നത്‍ പവം ജനങള്‍ക്ക് ഇവരെയെല്ലാം ഭയമണെന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ്.

കലണ്ടറില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഓരോ അവധി ദിനങളെയും ശരിയാംവണ്ണം ആഘോശിച്ചു ശീലമുള്ള നമ്മുടെ മലയാളമണ്ണിന്റെ മക്കള്‍ക്ക് ഈ അവധി ദിനങളേക്കാള്‍ രണ്ടിരട്ടി‍ കൂടുതല്‍ ആഘോശ ദിനങളാണ് ഹര്‍ത്താലിലൂടെ നേടുവാന്‍ സാധിക്കുന്നത്. ഈ പോക്കിനു പോവുകയാണെങ്കില്‍ മറ്റുള്ള അവധി ദിനങളെപ്പോലെത്തന്നെ ഹര്‍ത്താലിനും ഒരു മാസത്തില്‍, ഒരോ ദിവസം വീതം ഓരോരൊ പാര്‍ട്ടി‍ക്കുള്ളത് തുല്യമായ് വീതിച്ച് ഒരു വര്‍ഷത്തിനുള്ളത് മുന്‍കൂറായ് നിശ്ചയിച്ച് തിട്ടപ്പെടുത്തിയെടുക്കാവുന്ന ഒരു കാലം അതു നമ്മുടെ കയ്യെത്തും ദൂരത്തുതന്നെയാണെന്നുള്ളത് നമുക്കെല്ലാം കണ്ടറിയാം.

ഇനി ഈ മഹാസംഭവത്തിന്റെ പേരു പറഞ് കാശുവാരിക്കൂട്ടുന്ന ഇതിന്റെ ചരട് വലിക്കുന്ന മഹാനമാരായ അണിയറപ്രവര്‍ത്തകരും, കുറേ മന്ത്രിമാരും, തന്ത്രികളും, കൂടെ കുറെ ഗുണ്ടാസംഘങളും....

എന്തിനേറെ പറയുന്നു; ആര്‍ക്കോ എന്തിനോവേണ്ടി നടത്തുന്ന ഒരു നേരമ്പോക്കായ് മാത്രമെ ജനം ഇന്നീ HOLIDAY യെ കാണുന്നുള്ളൂ.